പുനലൂർ : താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.ഭർത്താവി െ ന്റ ആക്രമണത്തിൽ കൊല്ലപ്പെട്ട പുനലൂർ കൂത്തനാടി ചരുവിള വീട്ടിൽ ശാലിനി (39) യുടെ ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞമാസം 22നായിരുന്നു ശാലിനിയുടെ ശരീരത്ത് കുത്തേറ്റ നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ശാലിനിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പായി അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി ആഭരണങ്ങൾ ശരീരത്തിൽ നിന്നും നീക്കം ചെയ്ത് പൊതിഞ്ഞ് പ്ലാസ്റ്റർ ഒട്ടിച്ച് അവിടെ തന്നെ അലമാരയിൽ സൂക്ഷിക്കുകയായിരുന്നു.
ഈ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവം സംബന്ധിച്ച് ആശുപത്രിയിലെ സീനിയർ നേഴ്സിംഗ് ഓഫീസർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പുനലൂർ പോലീസ് കേസെടുക്കുന്നത്.
ഒരു ജോഡി കൊലുസ്, കമ്മൽ, രണ്ടു മോതിരം, ഒരു വള എന്നിങ്ങനെ ഏകദേശം 20 ഗ്രാം ഓളം ആഭരണങ്ങൾ മോഷണം പോയതായിട്ടാണ് പരാതി. അന്വേഷണം പുരോഗമിക്കുകയാണെന്നും, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചു വരുകയാണെന്നും പുനലൂർ പോലീസ് പറഞ്ഞു.